
ഭൂമിയിടപാടും രാജ്യാന്തര സമുദ്രമേഖലയിലെ വാണിജ്യ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടെ പുതിയ ഇനങ്ങള്‍ കൂടി ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരാന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചതാണ് ചര്‍ച്ചകള്‍ വഴിമുട്ടിച്ചത്.
പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്താനുള്ള കേന്ദ്ര നീക്കത്തെ സംസ്ഥാനങ്ങള്‍ ശക്തമായി എതിര്‍ത്തപ്പോള്‍ ഇന്നു തുടരാനിരുന്ന ചര്‍ച്ച ഉപേക്ഷിക്കുകയും ചെയ്തു. 22,23 തീയതികളില്‍ കൗണ്‍സില്‍ വീണ്ടും ചേരും. ഇതേസമയം, ചെക്പോസ്റ്റുകളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് ചരക്കുകള്‍ പരിശോധിക്കുന്ന ഇപ്പേഴത്തെ രീതി ഒഴിവാക്കുകയെന്ന വ്യവസ്ഥ കൗണ്‍സില്‍ അംഗീകരിച്ചു.
ഉല്‍പന്നം പുറപ്പെടുന്ന സംസ്ഥാനത്തു നടക്കുന്ന പരിശോധനകളുടെ രേഖകള്‍ ഓണ്‍ലൈനായി പരിശോധിച്ചു വാഹനങ്ങള്‍ കടത്തിവിടാനുള്ള സംവിധാനമാണ് ഏര്‍പ്പെടുത്തുകയെന്നു ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. എങ്കിലും സംശയമുള്ള കേസുകളില്‍ എക്സൈസിനോ സംസ്ഥാന സര്‍ക്കാരിന്റെ ഇതര ഏജന്‍സികള്‍ക്കോ പരിശോധന നടത്തുന്നതിനു തടസ്സമുണ്ടാവില്ല. ഇത് ചെക്പോസ്റ്റുകളിലെ അഴിമതിക്ക് വലിയൊരളവില്‍ അന്ത്യം കുറിക്കും. കൈക്കൂലി തടയുമെന്നതിനാലാണ് എല്ലാ സംസ്ഥാനങ്ങളുെ ഇതിനെ അംഗീകരിച്ചത്.
കേന്ദ്രം തയാറാക്കിയ കരടു നിയമത്തിന്റെ വകുപ്പു തിരിച്ചുള്ള രണ്ടു ദിവസത്തെ ചര്‍ച്ചയാണു നിശ്ചയിച്ചിരുന്നത്. നികുതി പരിധി, ഉല്‍പാദക സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം തുടങ്ങിയ പ്രധാന തര്‍ക്കങ്ങള്‍ നേരത്തേ പരിഹരിച്ചിരുന്നു. എന്നാല്‍ ഒന്നരക്കോടി രൂപയില്‍ താഴെ വിറ്റുവരവുള്ള സ്ഥാപനങ്ങളുടെ നികുതി പിരിവ് വിട്ടുകൊടുക്കാന്‍ സംസ്ഥാനങ്ങള്‍ തയാറല്ല. അന്തര്‍ സംസ്ഥാന ജിഎസ്ടി നടപ്പാക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കു നല്‍കുകയും വേണം. എന്നാല്‍, ഈ ആവശ്യങ്ങളോടു കേന്ദ്രത്തിനു യോജിപ്പില്ല.
ഇതിനിടെയാണു ഭൂമിയിടപാടുകളുടെ സ്റ്റാംപ് ഡ്യൂട്ടി, സമുദ്രമേഖലയിലെ വാണിജ്യ ഇടപാടുകള്‍ എന്നിവയ്ക്കു ജിഎസ്ടി വേണമെന്ന ആവശ്യം കേന്ദ്രം ഉന്നയിക്കുന്നത്. ഭൂമിയിടപാടുകളോ രാജ്യാന്തര സമുദ്ര മേഖലയിലെത്തുന്ന യാനങ്ങളില്‍ നിന്നു നികുതി പിരിക്കുന്നതോ നേരത്തേ ചര്‍ച്ചയ്ക്കു വന്നിരുന്നില്ല.
നോട്ട് പിന്‍വലിക്കലിനും സഹകരണ ബാങ്കുകള്‍ക്കെതിരായ കേന്ദ്ര നയത്തിനുമെതിരെ കര്‍ക്കശ നിലപാടെടുത്തു നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കു മുന്നില്‍ പുതിയ ആവശ്യങ്ങളുന്നയിച്ചു വിലപേശാനുള്ള തന്ത്രത്തെ സംസ്ഥാനങ്ങള്‍ പരാജയപ്പെടുത്തുകയായിരുന്നെന്ന് തോമസ് ഐസക് വിശദീകരിക്കുന്നു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ