വീടുകളിലെ സ്റ്റിക്കർ ഭീഷണി: .സി സി ടി വി ക്യാമറകമ്പനി നടത്തുന്ന ചില
റിട്ടയേർഡ് പോലീസുകാർക്കു പങ്കുണ്ടെന്നുസംശയം.
എബി ജെ ജോസ്
കോട്ടയം :സംസ്ഥാനത്തുടനീളം ഭീതി സൃഷ്ടിച്ച സംഭവങ്ങളിലൊന്നായിരുന്നു വീടുകളിൽ സ്റ്റിക്കർ പതിപ്പിച്ചതായി കണ്ടെത്തിയത്. മോഷണത്തിനും കുട്ടികളെ തട്ടിക്കൊണ്ടു പോകലിനുമൊക്കെയായി വീടുകൾ മാർക്ക് ചെയ്തതാണ് ഇതെന്നു വ്യാപകമായ പ്രചാരണവും ശക്തമായി. സോഷ്യൽ മീഡിയായിലൂടെ പ്രചാരണം ശക്തി പ്രാപിച്ചതോടെ ജനങ്ങളിൽ ഭീതി വർദ്ധിക്കുകയും ചെയ്തു. തട്ടിക്കൊണ്ടുപോകലും മോഷണവും ഒക്കെയായി ഇതിനു യാതൊരു ബന്ധവുമില്ലെന്നു പോലീസ് ഉൾപ്പെടെ ആണയിട്ടിട്ടും ഭീതിക്കു ശമനമുണ്ടായില്ല. ഇതേത്തുടർന്നു ഇത്തരം കാര്യങ്ങൾ സോഷ്യൽ മീഡിയായിൽ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നു പറഞ്ഞതിനു പിന്നാലെ സംസ്ഥാനത്ത് മൂന്ന് പേർ അറസ്റ്റിലായി.
ഇതോടൊപ്പം സിസിടിവി വിൽപനക്കാർ വേറിട്ട പരസ്യരീതി പരീക്ഷിച്ചതാണെന്ന വിവരങ്ങൾ റിപ്പോർട്ടർ ടിവി അടക്കം റിപ്പോർട്ടു ചെയ്തിരിക്കുന്നു. സ്റ്റിക്കർ പതിപ്പിക്കപ്പെട്ടത് സാമ്പത്തിക സ്ഥിതി ഉള്ള വീട്ടുകളിൽ മാത്രമാണെന്നും പറയപ്പെടുന്നു. ഭീതി പരത്തി കച്ചവടം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടിയെന്നു പോലീസിനോട് കുറ്റസമ്മതം നടത്തിയതായും വാർത്തകളിൽ പറയുന്നു.കൊച്ചിയിൽ ഇത്തരത്തിൽ സ്റ്റിക്കർ ഒട്ടിച്ച സിസിടിവി ക്യാമറ കച്ചവടക്കാരെ താക്കീത് ചെയ്തു വിട്ടയച്ചതായും വാർത്തകളിൽ പറയുന്നു. ഇവർക്കാർക്കും എതിരെ നടപടി എടുത്തതായി റിപ്പോർട്ടുകളിൽ കാണുന്നില്ല.
അതേസമയം സാമൂഹ്യ മാധ്യമങ്ങളിൽ ഭീതി പരത്തിയെന്നു ആരോപിച്ചു മൂന്നു പേരെ ആലപ്പുഴയിൽ പോലീസ് അറസ്റ്റു ചെയ്തിരിക്കുകയാണ്.
കുറ്റക്കാർക്ക് വാക്കാൽ താക്കീതും ആശങ്കപങ്കുവച്ചവർക്ക് അറസ്റ്റും ശിക്ഷയും എന്ന നിലയിലായി ഇപ്പോൾ കാര്യങ്ങൾ. സ്റ്റിക്കർ വിഷയത്തിൽ പൊതുജനങ്ങൾക്കിടയിൽ ഉണ്ടായ ആശങ്ക പരിഹരിക്കാൻ പോലീസിനു കഴിയാത്തതാണ് സോഷ്യൽ മീഡിയയിൽ സംഭവം പ്രചരിപ്പിക്കാൻ ഇടയായത് എന്നതിൽ തർക്കമില്ല. സംഭവത്തിനുത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിച്ചിരുന്നെങ്കിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചാരണം ഉണ്ടാകുമായിരുന്നില്ല. മാത്രവുമല്ല പ്രഗത്ഭരായ പോലീസ് സേന ദിവസങ്ങൾ പിന്നിട്ടശേഷമാണ് സിസിടിവി ക്യാമറയുടെ വിവരം കണ്ടെത്തിയത്.
ഭീതി സൃഷ്ടിച്ച സിസിടിവി ക്യാമറാ കമ്പനികൾക്കെതിരെ നടപടിഇല്ലാത്തതിന്റെ കാരണങ്ങളും അന്വേഷണ വിധേയമാക്കണം. ലഭിക്കുന്ന സൂചനകളശസരിച്ചു ഇത്തരം ക്യാമറാ കമ്പനികൾ നടത്തുന്നവരിൽ റിട്ടയർ ചെയ്ത ചില ഉന്നതരായ പോലീസ് ഉദ്യോഗസ്ഥരും ഉണ്ടെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ഇവരുടെ സ്വാധീനമാണത്രെ ഭീതി സൃഷ്ടിച്ചവർക്കെതിരെ നടപടിയില്ലാത്തതെന്നും പറയപ്പെടുന്നു.
പാലായിൽ ഒരു പച്ചക്കറിക്കടയിൽ അടുത്ത കാലത്ത് സിസിടിവി ക്യാമറ സ്ഥാപിക്കപ്പെടുകയുണ്ടായി. ഇവിടെ സ്ഥിരമായി സന്ദർശിക്കുന്ന ഒരു റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥന്റെ നിർദ്ദേശാനുസരണമാണത്രെ ഇവിടെ ഇതു സ്ഥാപിക്കപ്പെട്ടത്. ഇദ്ദേഹം സർവ്വീസിലിരിക്കെ ബിനാമിയുമായി ചേർന്നു ക്യാമറാ കച്ചവടം നടത്തിയിരുന്നു. റിട്ടയർ ആകുന്നതിനോടനുബന്ധിച്ചു കച്ചവടം വിപുലീകരിക്കുന്നതിനായി ബാങ്ക് ലോണിനുവരെ ശ്രമിക്കുകയും ചെയ്ത വ്യക്തിയാണ് ഇദ്ദേഹം. കൂടാതെ പോലീസിന്റെ നേതൃത്വത്തിൽ ജംഗ്ഷനുകളിൽ ക്യാമറ വയ്ക്കുന്നതിനുള്ള പദ്ധതിയും ടിയാൻ തയ്യാറാക്കിയിരുന്നതായും സംസാരമുണ്ട്.
സോഷ്യൽ മീഡിയായിൽ ഭീതി പരത്തിയെന്ന ആരോപണത്തിന്റെ പേരിൽ അറസ്റ്റിലായവർക്ക് ദുരുദ്ദേശ്യം ഉള്ളതായി തോന്നുന്നില്ല. ഭീതി സൃഷ്ടിച്ച് മുതലെടുപ്പ് നടത്തി ലാഭം ഉണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം. ദുരുദ്ദേശ്യം ഇവർക്കില്ലെന്നു ബോധ്യപ്പെട്ടാൽ ഇവർക്കെതിരെയുള്ള നടപടി ഒഴിവാക്കുകയാണ് അഭികാമ്യം. ഒപ്പം സ്റ്റിക്കർ പതിപ്പിച്ചവർക്കെതിരെ നിയമം അനുശാസിക്കുന്ന നടപടി സ്വീകരിക്കുകയും സിസിടിവി ക്യാമറാ കമ്പനികളുടെ നടത്തിപ്പുകളെക്കുറിച്ചു അന്വേഷണം നടത്തുകയും വേണം. രാഷ്ട്രീയ പാർട്ടികളും ഇക്കാര്യത്തിൽ നിലപാട് സ്വീകരിക്കണം.





ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ