
എടത്വാ :കഴിഞ്ഞ 9 പതിറ്റാണ്ടായി ജല കായികമത്സര രംഗത്ത് ലോകമെങ്ങുമുള്ള കുട്ടനാടൻ ജലോത്സവ പ്രേമികൾക്ക് ആവേശവും അതുല്യമായ പെരുമയും സമ്മാനിച്ച മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും നാലാമത്തെ കളി വള്ളമായ 'ഷോട്ട് പുളിക്കത്ര ' നീരണിയുവാൻ ഇനി ദിനങ്ങൾ മാത്രം ബാക്കി. ഓള പരപ്പിലൂടെ ചക്രവാളങ്ങൾ കീഴടക്കുവാൻ മാലിപ്പുരയിൽ ഉള്ള പുതിയ 'ഷോട്ട് ' നീരണയിക്കുവാൻ പ്രാർത്ഥനയും കാത്തിരപ്പുമായി കഴിയുകയാണ് നാട്.ഒരു നൂറ്റാണ്ടിനുള്ളിൽ ഒരേ കുടുബത്തിൽ നിന്നും തുടർച്ചയായി 4 തലമുറക്കാർ 4 കളിവള്ളങ്ങൾ നിർമിച്ച് ചരിത്രം ഇതോടുകൂടി പുളിക്കത്ര തറവാട് സ്വന്തമാക്കും.

നവതി നിറവിൽ ജൂലൈ 27 രാവിലെ 9.30ന് നടക്കുന്ന നീരണിയൽ ചടങ്ങ് ആഘോഷമാക്കുവാനാണ് നാട് ഒരുങ്ങുന്നത്.നാട്ടുകാരുടെ നേതൃത്വത്തിൽ രൂപികരിച്ച ജനകീയ സദസ്സിന്റെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചു.
"ഷോട്ട് " നീരണിയൽ ചടങ്ങിന് മുന്നോടിയായി ഉള്ള ക്രമികരണങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടി നടന്ന ജനകീയ സദസിൽ ചെയർമാൻ ഡോ. ജോൺസൺ വി. ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു.
അൽഫോൺസ് ആൻറണി, ബേബി നാലുപറയിൽ , തൊമ്മച്ചൻ ചാക്കോ , ജിനോ മണക്കളം, ശശികുട്ടി ജോർജ്, ,കൃഷ്ണൻ മറ്റേക്കാട് ,ബിജു മുളപ്പൻച്ചേരി , സന്തോഷ് കോയിൽമുക്ക്, റജി എം വർഗ്ഗീസ് , അശോകൻ മങ്കോട്ടച്ചിറ, ജഫ്രി എന്നിവർ പ്രസംഗിച്ചു.
2016 ഓഗസ്റ്റ് 18ന് സാബു നാരായണൻ ആചാരിയാണ് ഏറ്റവും പുതിയ ഷോട്ടിന് ഉളികുത്തൽ കർമ്മം നടത്തിയത്.ഇപ്പോൾ നിർമ്മിച്ച കളിവള്ളത്തിന് മുപ്പത്തി അഞ്ചേ കാൽ കോൽ നീളവും 40 അംഗുലം വീതിയും ഉണ്ട്.50 തുഴച്ചിൽക്കാരും 3 നിലക്കാരും 4 പങ്കായക്കാരും 3 ഒറ്റതുഴക്കാരും ഉൾപെടെ 60 പേർക്ക് തുഴയാവുന്ന തരത്തിലാണ് വള്ളത്തിന്റെ ഘടന. ആഞ്ഞിലി തടിയിലാണ് വള്ളത്തിന്റെ പണി പൂത്തിയാക്കിയിരിക്കുന്നത്. ജോർജ് ചുമ്മാറിന്റെ ഏക മകനായ 6 വയസ്സുള്ള ആദം പുളിക്കത്രയാണ് 'ഷോട്ട' ക്യാപ്റ്റൻ.

ആദം പുളിക്കത്ര
വെപ്പ് വള്ളങ്ങളിൽ ഏറെ പ്രസിദ്ധമായ ജലരാജാവ് പുളിക്കത്ര വള്ളം 1926 ലാണ് ആദ്യമായി നീരണിയുന്നത്. നീലകണ്ഠൻ ആചാരിയായിരുന്നു ശില്പി.1952 ലെ നെഹ്റു ട്രോഫി ജലമേളയിൽ 1500 മീറ്റർ 4.4 മിനിട്ട് എന്ന റിക്കോർഡ് സമയം കൊണ്ട് തുഴഞ്ഞെത്തി ചരിത്രം സൃഷ്ടിച്ചതാണ് ആദ്യ വള്ളമായ പുളിക്കത്ര .ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന് ആലപ്പുഴ വട്ട കായലിൽ സ്വീകരണം നൽകിയപ്പോൾ പുളിക്കത്ര വള്ളവും ഉണ്ടായിരുന്നു. ഓള പരപ്പിലൂടെ കുതിച്ചു വന്ന പുളിക്കത്ര വള്ളത്തെ നോക്കി അദ്ദേഹം ''വെടിയുണ്ട പോലെ ചീറി പാഞ്ഞ് വരുന്നു" എന്ന് ആവേശത്തോട് വിളിച്ചപ്പോൾ ഇരുകരകളിൽ നിന്നും ആർപ്പുവിളികളാൽ അന്തരീക്ഷം മുഖരിതമായി. അന്നു മുതൽ "ഷോട്ട് '' എന്നറിയപെടാൻ തുടങ്ങി.
ചെറുവള്ളങ്ങളുടെ ജല രാജാവ് ആയ 'ഷോട്ട് ' തിരുത്താൻ ആവാത്ത ജയഘോഷങ്ങളുടെ നിരന്തര പരമ്പരയായി 36 തവണ വെപ്പ് എ ഗ്രേഡ് ശ്രഖലയിൽ ചോദ്യം ചെയ്യപെടാനാവാത്ത വിധം പേര് പോലെ തന്നെ വിജയം നേടിയിട്ടുണ്ട്.
വളളത്തിന്റെ അവസാന മിനുക്ക് പണിയിലാണ്.വള്ളം മിനുസപെടുത്തി വെളിച്ചെണയും മഞ്ഞളും തേച്ച് പിടിപ്പിച്ചു.
നീരണിയലിന് ശേഷം ദക്ഷിണേന്ത്യയിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ എടത്വാ സെന്റ് ജോർജ് ഫൊറോനാ പള്ളിക്കടവിലേക്ക് ആദ്യ തുഴച്ചിൽ നടത്തും. വഞ്ചിപാട്ടിന്റെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ എടത്വ പൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകും.തുടർന്ന് വള്ളസദ്യയും ഉണ്ടായിരിക്കും .

മാലിയിൽ പുളിക്കത്ര തറവാട്
എല്ലാവരുടെയും പ്രാർത്ഥനയും പ്രോത്സാഹനവും കൊണ്ട് ഇത്തവണയും ജലോത്സവ പ്രേമികളുടെ മനസ്സ് വീണ്ടും കീഴടക്കാൻ തയ്യാറാടെറുക്കുകയാണ് മാലിയിൽ പുളിക്കത്ര തറവാട്. തന്റെ പിതാവ് പുളിക്കത്ര ബാബുവിന്റെ സ്മരണക്കായി ആണ് പുതിയതായി വീണ്ടും ഷോട്ട് നീറ്റിലിറക്കാൻ തീരുമാനിച്ചതെന്നും ചടങ്ങ് ലളിതമാക്കി നവതി സ്മാരകമായി ജീവകാരണ്യ പ്രവർത്തനങ്ങൾ നടത്തുവാനാണ് ലക്ഷ്യമിടുന്നതെന്ന് ജോർജ് ചുമ്മാർ മാലിയിൽ പുളിക്കത്ര പറഞ്ഞു.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ