
കൊട്ടാരക്കര : ഡ്രൈ ഡേയില്‍ മദ്യവില്പന നടത്തിയ കേസില്‍ കൊട്ടാരക്കര എക്സൈസ് സംഘം പിടികൂടി റിമാന്‍ഡ് ചെയ്തിരുന്ന പ്രതി കൊട്ടാരക്കര വല്ലം മനു ഭവനില്‍ മനു (30) വിന്റെ മരണ കാരണം എക്സൈസിന്റെ മര്ദനമാണെന്നാരോപിച്ച് മനുവിന്റെ മൃതദേഹവുമായി നാട്ടുകാര്‍ കൊട്ടാരക്കര എക്സൈസ് സര്‍ക്കിള്‍ ഓഫീസിന് മുമ്ബില്‍ പ്രതിഷേധം നടത്തി.
ബുധനാഴ്ച വെളുപ്പിനാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മനു മരണപ്പെടുന്നത്.
പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം കൊട്ടാരക്കര താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹവുമായി ഇന്നലെ രാവിലെ 10 ഓടെ നാട്ടുകാരും ബന്ധുക്കളും പൊതുപ്രവര്‍ത്തകരും ചേര്‍ന്ന് എക്സൈസ് സര്‍ക്കിള്‍ ഓഫീസിനു മുമ്ബില്‍ പ്രതിഷേധ പ്രകടനം നടത്തുകയായിരുന്നു. പോലീസ് ഇടപെട്ട് പ്രതിഷേധക്കാരെ പിരിച്ചു വിടുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിച്ച മൃതദേഹം വീട്ട് വളപ്പില്‍ സംസ്ക്കരിച്ചു.
ഇന്നലെ രാവിലെ പത്തരയോടെ ബിജെപി കൊട്ടാരക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആണ് മനുവിന്റെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് നടത്തിയത്. കൊട്ടാരക്കര പോലീസ് സ്റ്റേഷന് മുമ്ബില്‍ നിന്നാരംഭിച്ച മാര്‍ച്ച് എക്സൈസ് സര്‍ക്കിള്‍ ഓഫീസിന് മുമ്ബില്‍ പോലീസ് തടഞ്ഞു.
മരണത്തില്‍ എക്സൈസിന് പങ്കില്ലെന്നാണ് അവര്‍ വിശദീകരിക്കുന്നത്. ഇയാള്‍ നേരത്തെ മാരക രോഗങ്ങള്‍ക്ക് ചികിത്സയില്‍ കഴിഞ്ഞു വന്നിരുന്നയാളായിരുന്നെന്ന് പോലീസും എക്സൈസും പറയുന്നുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ