- കൃത്യമായ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും സഭയില്‍ സംസാരിക്കാന്‍ അനുവദിച്ചാല്‍ ഇക്കാര്യം വ്യക്തമാക്കുമെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍;
- കോണ്‍ഗ്രസ് ഉന്നയിക്കാനൊരുങ്ങുന്നത് രാജ്യത്തെ ഞെട്ടിക്കുന്ന ആരോപണമെന്ന് സൂചന

ന്യൂഡല്‍ഹി: നോട്ടുനിരോധനത്തിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് അഴിമതി നടത്തിയെന്നും ഇതിന്റെ വ്യക്തമായ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും വ്യക്തമാക്കി കോണ്‍്ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിലൂടെ മോദി നേരിട്ട് അഴിമതി നടത്തി. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ കയ്യിലുണ്ട്. ഇക്കാര്യം സഭയില്‍ വിശദീകരിക്കാന്‍ തയാറാണ്. പക്ഷേ, തന്നെ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
കേവലം ഒരു വ്യക്തി എന്ന നിലയില്‍ അല്ല ആരോപണം ഉന്നയിക്കുന്നത്. തന്റെ സ്ഥാനം എന്താണെന്ന് കൃത്യമായ ബോധ്യത്തോടെയാണ് കാര്യങ്ങള്‍ പറയുന്നത് എന്ന ആമുഖത്തോടെയാണ് രാഹുല്‍ മാദ്ധ്യമപ്രവര്‍ത്തകരെ കണ്ട് ആരോപണം ഉന്നയിക്കുകയായിരുന്നു.
പ്രധാനമന്ത്രി തന്നെ സംസാരിക്കാന്‍ അനുവദിക്കുന്നില്ല.
ഞാന്‍ സംസാരിച്ചാല്‍ ഊതി വീര്‍പ്പിച്ചതുപോലെയുള്ള തന്റെ ഇമേജ് തകരുമെന്നാണ് മോദി കരുതുന്നതെന്നു രാഹുല്‍ ആരോപിച്ചു. അതേസമയം, കറന്‍സി നിരോധനത്തിന് ശേഷം ഇത്തരത്തില്‍ ഗൗരവമായ ഒരു ആരോപണം ഉന്നയിക്കാന്‍ കോണ്‍ഗ്രസ് രംഗത്തെത്തുന്നത് ആദ്യമാണെന്നതിനാണ് എന്താണ് രാഹുല്‍ ഉദ്ദേശിക്കുന്ന അഴിമതി ആരോപണമെന്നത് ഇതിനകം ചര്‍ച്ചയായിക്കഴിഞ്ഞു.
പ്രതിപക്ഷാംഗങ്ങളെ സംസാരിക്കാന്‍ അനുവദിക്കാത്ത സാഹചര്യമുണ്ടാക്കുന്നത് അഴിമതി ആരോപണം ഉന്നയിക്കുമെന്ന് ഭയന്നാണെന്ന് രാഹുല്‍ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ വലിയൊരു പ്രതിസന്ധിയിലാണെന്നും സൂചന നല്‍കിയാണ് രാഹുല്‍ സംസാരിച്ചത്. നോട്ടുനിരോധനത്തിന്റെ പേരില്‍ ആരെല്ലാം എന്തൊക്കെ നേടിയെന്ന് തനിക്ക് വ്യക്തമായി അറിയാമെന്നും ഇക്കാര്യം സഭയില്‍ ഉന്നയിക്കുമെന്നും രാഹുല്‍ വ്യക്തമാക്കിയതോടെ രാജ്യത്തെ ഞെട്ടിക്കുന്ന ആരോപണമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിക്കൊണ്ടുവരാന്‍ പോകുന്നതെന്ന സൂചനയാണ് ലഭിക്കുന്നത്.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ